പ്രവാസി മലയാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് പ്രവാസി ചിട്ടി

  1. പ്രവാസി മലയാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് ‘പ്രവാസി ചിട്ടി’; ജൂണ്‍ 12 മുതല്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ അവസരം

യുഎഇയിലെ മലയാളി പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് ‘പ്രവാസി ചിട്ടി’. ജൂണ്‍ 12 ന് ചിട്ടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. അന്നേ ദിവസം തന്നെ രജിസ്‌ട്രേഷനും ചെയ്യാവുന്നതാണ്. കെഎസ്എഫ്ഇയുടെ ആഭിമുഖ്യത്തിലാണ് ചിട്ടി. ചിട്ടിയുടെ അടവ് ജൂലായ് അവസാനവാരമോ ആഗസ്റ്റ് ആദ്യമോ തുടങ്ങാന്‍ കഴിയുമെന്ന് ധനകാര്യമന്ത്രി ഡോ ടിഎം തോമസ് ഐസക്കും കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ യുഎഇയിലെ പ്രവാസി മലയാളികള്‍ക്കാണ് ചിട്ടിയില്‍ ചേരാനാവുക. തുടക്കത്തില്‍ 3000 രൂപ മുതല്‍ 25000 രൂപ വരെയുള്ള പ്രതിമാസ തവണകളിലുള്ള വിവിധ ചിട്ടികളാണുണ്ടാവുക. ശേഷം ഇത് വിപുലീകരിക്കും. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് ലോകത്തിന്റെ ഏതുഭാഗത്തിരുന്നും ഓണ്‍ലൈനിലൂടെ ചിട്ടിയുടെ ഭാഗമാകാനും ലേലത്തില്‍ പങ്കുകൊള്ളാനും സാധിക്കും. ചിട്ടിയില്‍ അംഗമാകാന്‍ പാസ്‌പോര്‍ട്ടിന്റേയും വിസയുടേയും പകര്‍പ്പു സഹിതം ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മതിയാകും.
കെഎസ്എഫ്ഇയുടെ മൊബൈല്‍ ആപ്പ്, പേമെന്റ് ഗേറ്റ് വേകള്‍ തുടങ്ങിയവ വഴി ഓണ്‍ലൈനായി വരിസംഖ്യ അടയ്ക്കാന്‍ കഴിയും. ലേലസമയം മുന്‍കൂട്ടി നിക്ഷേപകരെ അറിയിക്കും. സ്മാര്‍ട്ട് ഫോണ്‍വഴി , നേരിട്ടെത്തി ലേലം വിളിക്കുന്നതുപോലെ തന്നെ ലേലത്തില്‍ പങ്കെടുക്കാം. സാങ്കേതിക പരിചയക്കുറവ് ഉള്ളവരെ സഹായിക്കാന്‍ അംഗീകൃത ഏജന്റുമാരുണ്ടാകും. നാട്ടിലെ വേണ്ടപ്പെട്ട വിശ്വസ്തനായ ആളെ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി ചുമതലപ്പെടുത്താനും അവസരം ഉണ്ടാകും.
പണം കൈപ്പറ്റുന്നതിന് നാട്ടിലെ ഭൂമിയോ സ്വര്‍ണ്ണമോ ഈടായി നല്‍കാം. നാട്ടിലെ അടുത്ത ബന്ധുക്കളെ ആരെയെങ്കിലും ജാമ്യത്തിനായി നിര്‍ദ്ദേശിക്കാവുന്നതാണ്. ഇങ്ങനെ നിര്‍ദ്ദേശിക്കപ്പെടുന്നവര്‍ക്ക് കെഎസ്എഫ്ഇയുടെ ഏതു ശാഖയിലെത്തിയും നടപടികള്‍ പൂര്‍ത്തിയാക്കാം. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ബില്‍ഡിംഗില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസ് പ്രവര്‍ത്തനമാരംഭിക്കും. എന്തു പരാതിക്കും ഇവിടെ പരിഹാരം ലഭിക്കും.
ചിട്ടിയില്‍ അംഗമായ ശേഷം അപകടമോ മരണമോ സംഭവിച്ച് ചിട്ടി അടയ്ക്കാനാവാത്ത സാഹചര്യം വന്നാല്‍ ബാക്കി തുക കെഎസ്എഫ്ഇ അടയ്ക്കും. വിദേശത്ത് വച്ച് മരിച്ചാല്‍ നോര്‍ക്കയുമായി ചേര്‍ന്ന് ഭൗതികശരീരം നാട്ടിലെത്തിക്കും. പ്രവാസി ചിട്ടിയിലൂടെ സമാഹരിക്കുന്ന പണം കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുകയും നാടിന്റെ വികസനത്തിനായി വിനിയോഗിക്കുകയും ചെയ്യും. സ്വന്തം സാമ്പാദ്യത്തിന് സുരക്ഷിതത്വം ലഭിക്കുന്നതിനൊപ്പം നാടിന്റെ വികസനത്തില്‍ പങ്കുചേരാനും ഇതിലൂടെ സാധിക്കും.
നിയമസഭാ കോംപ്‌ളക്‌സില്‍ 12 ന് വൈകിട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ എംഎല്‍എമാരും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുക്കും, വാര്‍ത്താസമ്മേളനത്തില്‍ കിഫ്ബി സിഇഓ ഡോ കെഎം എബ്രഹാം, കെഎസ്എഫ്ഇ എംഡി എ പുരുഷോത്തമന്‍, രജിസ്ട്രേഷന്‍ ഐജി കെഎന്‍ സതീഷ്, കിഫ്ബി ഡെപ്യൂട്ടി സിഇഓ സന്‍ജീവ് കൗശിക് തുടങ്ങിയവരും സന്നിഹിതരായിരുന്നു.