റേഷൻകാർഡ്; തിരുത്തലുകൾക്ക് അവസരം വരുന്നു..!

 

  1. റേഷൻകാർഡ്; തിരുത്തലുകൾക്ക് അവസരം വരുന്നു..! ഇതാ, നിങ്ങളുടെ സംശയങ്ങൾ തീർത്തോളൂ..!!

റേഷൻകാർഡുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും കൂട്ടിചേർക്കലുകൾ വരുത്തുന്നതിനും കുറവുകൾ വരുത്തുന്നതിനും അടുത്തമാസം മുതൽ അവസരമുണ്ടാകുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലച്ചുകിടക്കുന്ന ഈ പ്രക്രിയ പുനരാരംഭിക്കുമ്പോൾ പതിനായിരങ്ങളാകും സപ്ലൈ ആഫീസുകളിലേക്ക് തള്ളിക്കയറുക. ഇക്കാര്യത്തിൽ ജനങ്ങൾക്ക്‌ ഒരുപാട് സംശയങ്ങളാണ് ഉണ്ടാകുക.

റേഷൻകാർഡിൽ നിന്നും പേര് കുറക്കാൻ എന്ത് ചെയ്യണം?

ഒരു കാർഡിൽ നിന്നും പേരുകൾ കുറവ് ചെയ്ത് വേറൊരു താലൂക്കിൽ ചേർക്കുന്നതിന് റേഷൻ കാർഡിന്‍റെ പകർപ്പ് സഹിതം കാർഡുടമ അപേക്ഷ നൽകണം. മരണപ്പെട്ട ഒരാളുടെ പേര് കുറവ് ചെയ്യുവാൻ മരണ സർട്ടിഫിക്കറ്റ് സഹിതം കാർഡിൽ ഉൾപ്പെട്ട മുതിർന്ന അംഗം കാർഡിന്‍റെ പകർപ്പ് സഹിതം അപേക്ഷ നൽകണം.

റേഷൻ കാർഡിൽ പേര് ചേർക്കാൻ എന്ത് ചെയ്യണം ?

ഒരേ താലൂക്കിൽ തന്നെയുള്ള വിവിധ കാർഡുകളിൽ നിന്നും പരസ്പരം മാറ്റിചേർക്കുന്നതിന് കാർഡുടമകൾ വെള്ളക്കടലാസിൽ അപേക്ഷ എഴുതി കാർഡുകളുടെ പകർപ്പ് സഹിതം അപേക്ഷ നൽകണം. ഓരോ കാർഡുടമയും പ്രത്യേകം അപേക്ഷ നൽകണം. ഇതര താലൂക്കുകളിൽ പേരുകൾ ഉൾപ്പെട്ടിട്ടുള്ളവർ അതാത് താലൂക്കിൽ നിന്നും കുറവ് ചെയ്ത സര്‍ട്ടിഫിക്കറ്റുകൾ ഉൾപ്പെടെയാണ് അപേക്ഷ നൽകേണ്ടത്.
രാജ്യത്ത് ഒരിടത്തും പേരില്ലാത്തവർ എംഎൽഎ /എം പി /പഞ്ചായത്ത് പ്രസിഡന്റ് എന്നിവരിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മതിയാകും.
12 വയസ്സിന് താഴെയുള്ള കുട്ടികളുടെ പേര് ചേർക്കുവാൻ ജനന സർട്ടിഫിക്കറ്റിന്‍റെ പകർപ്പുകൾ ഹാജരാക്കണം.

റേഷൻകാർഡിൽ തിരുത്തലുകൾ വരുത്തുവാൻ എന്ത് ചെയ്യണം?

പേരുകൾ വീട്ടുപേരുകൾ തുടങ്ങിയ തിരുത്തലുകൾക്ക് റേഷൻ കാർഡും വില്ലേജ് ആഫീസിൽ നിന്നുള്ള വൺ ആന്‍റ് സെയിം സർട്ടിഫിക്കറ്റും സഹിതം കാർഡ് ഉടമ അപേക്ഷ നൽകണം. സ്ഥലപ്പേര് വാർഡ്‌ വീട്ടുനമ്പർ പഞ്ചായത്ത് എന്നിവ തിരുത്തുവാൻ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. തൊഴിലുകൾ ചേർക്കുവാനും തിരുത്തുവാനും തൊഴിലുമായി ബന്ധപ്പെട്ട ആധികാരിക രേഖകൾ ഹാജരാക്കണം.
എൻആർകെ എന്നും മറ്റും രേഖപ്പെടുത്തിയത് തിരുത്തുവാൻ ക്യാൻസൽ ചെയ്ത പാസ്പോര്‍ട്ട് പകർപ്പുകൾ ഹാജരാക്കണം. വരുമാനം തിരുത്തുവാൻ വില്ലേജ് ആഫീസറുടെ സാക്ഷ്യപത്രം ഹാജരാക്കണം.

കാർഡ് ഉടമകളാണ് എല്ലാ അപേക്ഷയും നൽകേണ്ടത്. തൽക്കാലം റേഷൻ കാർഡ് പകർപ്പുകൾ മാത്രം അപേക്ഷക്കൊപ്പം നൽകിയാൽ മതിയാകും.