ഡ്രൈവിങ് ലൈസന്‍സ്‌ പുതുക്കൽ-
നിബന്ധനകളിൽ ഇളവ് അനുവദിച്ചു

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതില്‍ ഇളവുമായി ഗതാഗതവകുപ്പ്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞില്ലെങ്കില്‍ തല്‍ക്കാലം പിഴ അടയ്ക്കേണ്ടതില്ല.

ഗതാഗത കമ്മിഷണറുടെ പുതിയ സർക്കുലർ അനുസരിച്ച്, ഒരു വർഷം കഴിഞ്ഞും എന്നാൽ 5 വർഷത്തിനകവും ലൈസൻസ് പുതുക്കുന്നവർ പിഴയും ഫീസും അടച്ച് ലേണേഴ്സ് ടെസ്റ്റിന് അപേക്ഷ നൽകിയാൽ ‌ഉടൻ അതു ലഭിക്കും. ലേണേഴ്സ് ലൈസൻസ് ലഭിച്ച് 30 ദിവസം കഴിഞ്ഞേ പ്രായോഗികക്ഷമതാ പരീക്ഷയ്ക്കു ഹാജരാകാവൂ എന്ന നിബന്ധനയും ഒഴിവാക്കി. ഇത്തരക്കാർക്കായി പാർട്ട് 2 ടെസ്റ്റ് ആഴ്ചയിൽ ഒരു ദിവസം നടത്തും. ഇത്തരം ടെസ്റ്റുകൾക്ക് അപേക്ഷകൻ കൊണ്ടുവരുന്ന യോജ്യമായ വാഹനങ്ങൾ ഉപയോഗിക്കാം.

കാലാവധി കഴിഞ്ഞ് 5 വർഷത്തിനു ശേഷം പുതുക്കുന്ന ലൈസൻസുകൾക്കായി കേന്ദ്ര മോട്ടർ വാഹന ചട്ടപ്രകാരമുള്ള രേഖകളും ഫീസും പിഴയും സമർപ്പിക്കണം. ഇവർക്കും അപേക്ഷ നൽകിയാൽ ടെസ്റ്റ് ഇല്ലാതെ ലേണേഴ്സ് ലൈസൻസ് ലഭിക്കും. പ്രായോഗികക്ഷമതാ പരിശോധനയ്ക്ക് 30 ദിവസം എന്ന നിബന്ധന ഇവർക്കും ഒഴിവാക്കി. എന്നാൽ പാർട്ട് 1 (8, എച്ച്) പാർട്ട് 2 (റോഡ്) ടെസ്റ്റുകൾ പാസായാൽ മാത്രമേ ഡ്രൈവിങ് ലൈസൻസ് പുതുക്കി നൽകുകയുള്ളു.

ഒരു ഡ്രൈവിങ് ലൈസൻസിന്, ട്രാൻസ്പോർട്ട് ആൻഡ് നോൺ ട്രാൻസ്പോർട്ട് എന്നിങ്ങനെ 2 കാലാവധി ഉണ്ടെങ്കിൽ ഒരെണ്ണത്തിനു കാലാവധി കഴിയുകയും മറ്റേതിനു കാലാവധി കഴിയാതിരിക്കുകയോ കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിയാതിരിക്കുകയോ ചെയ്യു‌‌ന്നെങ്കിൽ അത്തരം ലൈസൻസുകൾ ടെസ്റ്റ് കൂടാതെ പുതുക്കി നൽകും.

ട്രാൻസ്പോർട്ട് വാഹനങ്ങളൊടിക്കാന്‍ പുതുതായി ലൈസെൻസ് എടുക്കാനും പുതുക്കാനും വിദ്യാഭ്യാസ യോഗ്യത ഇനി മാനദണ്ഡമാക്കില്ല. എട്ടാം ക്ലാസ് പാസാകേണ്ടെന്ന കേന്ദ്ര നിയമത്തിലെ ഭേദഗതി വ്യവസ്ഥ അതേപടി നടപ്പാക്കും.

ഡ്രൈവിംഗ് ലൈസെൻസ് പുതുക്കാതെ വാഹനമോടിക്കുന്നത് കുറ്റകരവും ഡ്രൈവർക്കെതിരെ കേസ് എടുക്കുന്നതുമാണ്.