പ്രവാസികൾക്ക് ജനുവരി മുതൽ ഇ മൈഗ്രേറ്റ് രജിസ്‌ട്രേഷൻ ആവശ്യമില്ല; പ്രചരിക്കുന്നത് റദ്ദാക്കിയ നിയമം

ജനുവരി ഒന്നു മുതൽ പ്രവാസികൾ ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഇ മൈഗ്രേറ്റ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന പ്രചാരണം തെറ്റ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വിദേശവകുപ്പ് നിർദ്ദേശം നൽകിയിരുന്നെങ്കിലും വിവാദമായതിനെ തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ് ഈ നിർദ്ദേശം വന്നത്. അധികം വൈകാതെ ഇത് പിൻവലിക്കുകയും ചെയ്തു. 2019 ജനുവരി ഒന്നിന് ഗൾഫ് രാജ്യങ്ങളടക്കം 18 വിദേശ രാജ്യങ്ങളിലെ പ്രവാസികൾ അവരുടെ പാസ്‌പോർട്ട് വിവരങ്ങൾ ഇമൈഗ്രേറ്റ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് 2018 നവംബറിൽ ഇന്ത്യൻ വിദേശകാര്യം അറിയിപ്പ് ഇറക്കിയിരുന്നു. ഇതു പ്രകാരം നിരവധി പേർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതിനിടെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഷേധമുയർന്നപ്പോൾ കേന്ദ്ര വിദേശകാര്യമന്ത്രാലയം അത് പിൻവലിച്ചു. പിന്നീട് ഇത്തരമൊരു രജിസ്‌ട്രേഷനെ കുറിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഒരു അറിയിപ്പും ഇതുവരെ നൽകിയിട്ടില്ല. അതിനാൽ രജിസ്റ്റർ ചെയ്യേണ്ടതുമില്ല. പഴയ ന്യൂസുകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതോടെ ഫോൺ കോളുകൾ പത്രം ഓഫീസിലേക്കും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലേക്കും എത്തുന്നുണ്ട്.
വിദേശത്ത് ജോലി ചെയ്യുന്നവരും എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ലാത്തവരുമായ (ഇ.സി.എൻ.ആർ) മുഴുവൻ പാസ്‌പോർട്ട് ഉടമകളും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇമൈഗ്രേറ്റ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. പുതിയ തൊഴിൽ വിസയിൽ വരാൻ ഉദ്ദേശിക്കുന്നവർക്കും റീ എൻട്രിയിൽ പോയി മടങ്ങുന്നവർക്കും ഇത് ബാധകമാണെന്നും വിദ്യാഭ്യാസ യോഗ്യതയുടെ പേരിലോ തൊഴിലിന്റെ പേരിലോ ആർക്കും ഇതിൽനിന്ന് ഒഴിവില്ലെന്നുമായിരുന്നു അറിയിപ്പ്.
ഗൾഫ് രാജ്യങ്ങളടക്കം 18 വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ വിസയിൽ പോകുന്ന ഇ.സി.എൻ.ആർ പാസ്‌പോർട്ടുള്ളവർ ഇമൈഗ്രേറ്റിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് എംബസിയുടെ മാർഗനിർദേശം നൽകിയത്.
സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, ലിബിയ, മലേഷ്യ, ലബനോൻ, അഫ്ഗാനിസ്ഥാൻ, സുഡാൻ, ദക്ഷിണ സുഡാൻ, സിറിയ, തായ്‌ലന്റ്, യെമൻ എന്നീ രാജ്യങ്ങളിലേക്ക് തൊഴിൽ വിസയിൽ പോകുന്നവർക്കാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കുമെന്ന് അറിയിപ്പ്.