മാര്‍ച്ച് മുതല്‍ പി.എസ്.സിയുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് ബയോമെട്രിക് പരിശോധന

ബയോമെട്രിക് പരിശോധനയിലൂടെയായിരിക്കും പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാര്‍ഥികളെ ഇനി പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കുന്നത്. മാര്‍ച്ച് 15നുശേഷമുള്ള ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കാണ് ഇത് കര്‍ശനമായി നടപ്പാക്കുന്നത്. ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധനയാണ് നടത്തുന്നത്.

ഉദ്യോഗാര്‍ഥികള്‍ ആധാറുമായി പ്രൊഫൈല്‍ ബന്ധിപ്പിക്കണം. രണ്ട് മാസത്തിനുള്ളില്‍ ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷയെഴുതാനാകില്ല. പി.എസ്.സിയുടെ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രങ്ങളിലാണ് പരിഷ്‌കാരം ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. അഡ്മിഷന്‍ ടിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സലുമായാണ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷയ്ക്ക് എത്തേണ്ടത്.
തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച ശേഷം ഉദ്യോഗാര്‍ഥിയുടെ വിരലടയാളം ബയോമെട്രിക് സ്‌കാനറിന്റെ സഹായത്തോടെ ഒത്തുനോക്കും. യു.ഐ.ഡി.എ.ഐ.യുടെ സെര്‍വറുമായി ബന്ധിപ്പിച്ചാണ് ബയോമെട്രിക് പരിശോധന നടത്തുന്നത്.