സിവിൽ സർവ്വീസ് പ്രിലി 2020 അപേക്ഷ ക്ഷണിച്ചു

ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. തുടങ്ങിയ 24 സിവിൽ സർവീസ് കേഡറുകളിലെ നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയ്ക്ക് മാർച്ച് 03 വരെ അപേക്ഷിക്കാം. ആകെ 796 ഒഴിവുകളാണുള്ളത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസിലേക്ക് അപേക്ഷിക്കുന്നവരും സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയെഴുതി പാസാകേണ്ടതുണ്ട്. മേയ് 31-നായിരിക്കും പ്രിലിമിനറി എഴുത്തുപരീക്ഷ.

യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം

പ്രായം:2020 ഓഗസ്റ്റ് ഒന്നിന് 21നും 32നും മധ്യേ. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള ഇളവുകൾ ലഭിക്കും.

അപേക്ഷ: മാർച്ച് 03 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. മാർച്ച് 12 മുതൽ 18 വരെ അപേക്ഷ പിൻവലിക്കാനുള്ള സൗകര്യവും വെബ്സൈറ്റിൽ ലഭ്യമായിരിക്കും.

പരീക്ഷ:പ്രിലിമിനറി പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ഇപ്പോൾ ക്ഷണിച്ചിരിക്കുന്നത്. 200 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം. വിശദമായ സിലബസ് വിജ്ഞാപനത്തിലുണ്ട്. ഇതിൽ യോഗ്യത നേടുന്നവർ പിന്നീട് മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കണം.

അപേക്ഷാ ഫീസ്: 100 രൂപ. വനിതാ/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർഥികൾ ഫീസ് അടയ്ക്കേണ്ടതില്ല. സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഓൺലൈനായോ ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ടായിരിക്കും.