ഭിന്നശേഷിക്കാർക്ക് ആശ്വാസം – പെർമനന്റ് സർട്ടിഫിക്കറ്റ് ഇനി മുതൽ പുതുക്കേണ്ടതില്ല-

ഒരാളുടെ ഭിന്നശേഷിത്വത്തിന് കാലാന്തരത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെങ്കില്‍ അവര്‍ക്ക് പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാം. ഇത്തരത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട ആവശ്യമില്ല. സ്ഥിര പരിമിതിയുള്ളവര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് 5 വര്‍ഷം കഴിയുമ്പോള്‍ പുതുക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. നിരവധി ഭിന്നശേഷിക്കാര്‍ക്ക് ഇതിലൂടെ ആശ്വാസം ലഭിക്കും.

ഇതിനെക്കുറിച്ചുള്ള സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത്. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാത്രമേ ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ഒരാളുടെ ഭിന്നശേഷിത്വത്തിന് കാലാന്തരത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെങ്കില്‍ അവര്‍ക്ക് പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റും എന്നാല്‍ നിലവിലെ ഭിന്നശേഷിത്വത്തിന്റെ തോതില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ടെങ്കില്‍ കാലാവധി രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും നല്‍കാമെന്നുമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിറ്റിന്റെ കാലാവധി കഴിയുന്നതിനനുസരിച്ച് പുതുക്കി വാങ്ങേണ്ടതാണ്. വൈകല്യത്തിന്റെ തോത്, കാലാവധി എന്നിവ നിര്‍ണയിക്കുന്നതും തീരുമാനിക്കുന്നതും മെഡിക്കല്‍ ബോര്‍ഡാണ്.