സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉൾപ്പെടുത്തും

സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉൾപ്പെടുത്തും. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള സംസ്ഥാനസർക്കാരിന്റെ ആവശ്യത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രസവാനുകൂല്യം ലഭിക്കും.

നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനഫിറ്റിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്.കൂടാതെ ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കുകയും ചെയ്യും. നിയമത്തില്‍ പരിധിയില്‍ ഉള്‍പ്പെടുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ലഭ്യമാകും.

സ്വകാര്യ മേഖലയിലും അസംഘടിത മേഖലയിലും തൊഴിലെടുക്കുന്നവര്‍ക്കും മികച്ച തൊഴില്‍ സാഹചര്യമൊരുക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ഇരിക്കാന്‍ അവസരം നല്‍കുന്ന നിയമഭേദഗതി നേരത്തെ നടപ്പാക്കിയിരുന്നു. ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നല്‍കുന്ന സംസ്ഥാനമായി കേരളം മാറി.അതിന്റെ എല്ലാം തുടര്‍ച്ചയാണ് സ്വാകാര്യ വിദ്യാഭ്യാസ മേഖലയിലെ പ്രസവാനുകൂല്യം എന്നും മുഖ്യമന്ത്രി പറഞ്ഞു.